പഞ്ചായത്തിന്റെ ഭൂമിശാസ്ത്ര വിവരങ്ങള്‍
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കില്‍ ഏറ്റുമാനൂര്‍ ബ്ളോക്കില്‍ അയ്മനം, പെരുമ്പായിക്കാട് (ഭാഗികം) വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് അയ്മനം ഗ്രാമപഞ്ചായത്ത്. 30.03 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് കുടമാളൂർ ആറ് , പെണ്ണാർതോട് , കിഴക്ക് കോട്ടയം മുനിസിപ്പാലിറ്റി, തെക്ക് ഏനാദി തോട്, ചുങ്കം ആറ്, ഇളങ്കാവ് തോട്, പടിഞ്ഞാറ് വേമ്പനാട്ട് കായൽ എന്നിവയാണ്.
വിശാലമായ വേമ്പനാട്ടുകായലും, 36 പാടശേഖരങ്ങളിലായി പച്ച പിടിച്ച് നില്‍ക്കുന്ന 4000 ഏക്കര്‍ നെല്‍വയലും, മീനച്ചിലാറിന്റെ കൈവഴിയായി വേമ്പനാട്ടുകായലിലേയ്ക്ക് ഒഴുകി എത്തുന്ന 6 വലിയ പുഴകളും 64 ചെറു തോടുകളും അടങ്ങുന്ന ജല സമ്പന്നവും കാര്‍ഷിക സമ്പന്നവുമായ ഗ്രാമമാണ് അയ്മനം. കായലും തോടുകളും പുഴകളും വയലുകളും ചേര്‍ന്ന് പ്രകൃതി സൗന്ദര്യത്തിന്റെ കൈയ്യൊപ്പായ ഈ ഗ്രാമം കലാ സാംസ്കാരിക പൈതൃകത്തിന്‍റെ ഇടം കൂടിയാണ്. അരുന്ധതി റോയിയും നാടകാചാര്യന്‍ എന്‍ എന്‍ പിള്ളയും, കഥകളി ആചാര്യന്മാരായ കുടമാളൂര്‍ കരുണാകരന്‍ നായരും, മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി ആശാനും, പ്രൊഫസര്‍ അയ്മനം കൃഷ്ണ കൈമളും തുടങ്ങി അക്ഷരവും കലയും സാംസ്കാരവും കോര്‍ത്തിണക്കിയ പൈതൃക ഗ്രാമം. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സ്മരണ ഉയര്‍ത്തുന്ന തീര്‍ത്ഥാടന കേന്ദ്രമായ കുടമാളൂര്‍ പള്ളി, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചുമര്‍ചിത്രകല തിലകം ചാര്‍ത്തുന്ന പാണ്ഡവം ക്ഷേത്രം, മദ്ധ്യ തിരുവിതാംകൂറിലെ തിരുവുത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന അയ്മനം നരസിംഹ സ്വാമി ക്ഷേത്രം തുടങ്ങിയ ആത്മീയ തീര്‍ത്ഥാടന കേന്ദ്രങ്ങളും ഉള്ള ഗ്രാമം